വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് നേരെ ആക്രമണം; എസ്ഐക്ക് ഗുരുതര പരിക്ക്

 

വധശ്രമക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. ഡിവൈഎസ്പി സ്‌ക്വാഡിലെ പൊലീസുകാർക്ക് നേരെയാണ് യുവതികളടക്കം നാലംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ എസ്ഐ ജിനുവിന് സാരമായി പരിക്കേറ്റു. സംഭവത്തിൽ ജെറിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വധശ്രമക്കേസിലെ പ്രതിയായ ജെറിൻ കരുനാഗപ്പള്ളിയിലുണ്ടെന്ന വിവരത്തെ തുടർന്നാണ് ഡിവൈഎസ്പി സ്‌ക്വാഡിലെ പൊലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിൽ ജെറിനും മൂന്ന് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അറിയിച്ചിട്ടും സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പൊലീസുകാരെ ചുടുകട്ട കൊണ്ട് തലയ്ക്കടിക്കുകയും എസ്ഐ ഉൾപ്പെടെയുള്ളവരെ സ്ത്രീകൾ ചേർന്ന് മർദിക്കുകയും കടിക്കുകയും ചെയ്‌തെന്നാണ് കേസ്. തുടർന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.