കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം
കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം. സംഭവത്തിൽ തടവുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ചെരിപ്പിൽ ദ്വാരമുണ്ടാക്കി അതിനുള്ളിൽ ചെറിയ കവറിലാക്കിയാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയത്.
സന്ദർശകരെന്ന വ്യാജേന തടവുകാരനെ കാണാനെത്തിയ രണ്ടുപേരാണ് ഹാഷിഷ് ഓയിൽ എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർ തടവുകാരനുമായി ഫോണിലൂടെ നടത്തിയ സംഭാഷണങ്ങളും അന്വേഷണത്തിൽ തെളിവായി ലഭിച്ചിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ അനധികൃതമായി കടത്തിയ സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജയിലിന് പുറത്തുനിന്ന് മതിലുകൾക്ക് മുകളിലൂടെ ബീഡി, സിഗരറ്റ്, മദ്യം തുടങ്ങിയവ അകത്തേക്ക് എറിഞ്ഞുനൽകിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.