ആറ്റുകാൽ പൊങ്കാല: കർശന നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

 

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും  ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും നിർബന്ധമായും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് അധികൃതർ അറിയിച്ചു.

എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെയും രജിസ്‌ട്രേഷന്റെയും പകർപ്പ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതും നിർബന്ധമാണ്. സ്ഥാപനങ്ങളിൽ വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിൽ, അതിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റും പരിശോധനയ്ക്ക് സമർപ്പിക്കണം.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസംരംഭകരെയും പാചകത്തൊഴിലാളികളെയും ലക്ഷ്യമിട്ട് ഫെബ്രുവരി 19ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. ഉത്സവ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഭക്ഷ്യസംരംഭകരും നിർബന്ധമായും ഈ ക്ലാസിൽ പങ്കെടുക്കണം. പങ്കെടുക്കുന്നതിനായി fsonemomcircle@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സംരംഭകന്റെ പേര്, ഫോൺ നമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നമ്പർ എന്നിവ നൽകി മുൻകൂറായി രജിസ്റ്റർ ചെയ്യണം.

പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയം, ദാഹജലം എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ മുൻകൂറായി എടുക്കേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങളിലൂടെയും ഓൺലൈനായും രജിസ്‌ട്രേഷൻ നടത്താം. ഓൺലൈൻ അപേക്ഷയിൽ ബിസിനസ് രീതിയായി 'ഫുഡ് വെൻഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ്' തിരഞ്ഞെടുക്കുകയും അപേക്ഷയിൽ 'ആറ്റുകാൽ പൊങ്കാല' എന്ന് വ്യക്തമാക്കുകയും വേണം.അന്നദാനം നടത്തുന്ന വ്യക്തിയുടെയോ ഉത്തരവാദിത്വമുള്ള വ്യക്തിയുടെയോ അഡ്രസ് പ്രൂഫ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. നിശ്ചിത ഫീസ് ഓൺലൈൻ മാർഗം അടയ്ക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.