കേരളത്തിൽ ഓട്ടോ, ടാക്‌സി നിരക്ക് കൂടും; പുതുക്കിയ നിരക്ക് ജനുവരി ഒന്ന് മുതൽ

 

സംസ്ഥാനത്ത് ഓട്ടോറിക്ഷ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനം. 2027 ജനുവരി ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരും. ഗതാഗതമന്ത്രി സി.പി. ജോണുമായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് നിരക്ക് വർധനയ്ക്ക് തത്വത്തിൽ ധാരണയായത്.

നിലവിലെ മിനിമം ചാർജായ 30 രൂപ 50 രൂപയാക്കി ഉയർത്തണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ പ്രധാന ആവശ്യം. നിരക്ക് വർധന പഠിക്കാൻ സർക്കാർ കമ്മിഷനെ നിയോഗിക്കും. കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ നിരക്ക് എത്രയെന്ന് തീരുമാനിക്കുക.

2022 ഏപ്രിൽ 22-നാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിച്ചത്. നിരക്ക് പരിഷ്‌കരിക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചതോടെ വ്യാഴാഴ്ച നടത്താനിരുന്ന 24 മണിക്കൂർ പണിമുടക്കും പിൻവലിച്ചു.

നിരക്ക് വർധനയ്ക്ക് പുറമെ ഡ്രൈവർമാർക്ക് ഇ.എസ്.ഐ ആനുകൂല്യം അനുവദിക്കുക, മഞ്ഞ നമ്പർ പ്ലേറ്റില്ലാതെ സർവീസ് നടത്തുന്ന ടൂവീലർ ടാക്‌സികളെ നിയന്ത്രിക്കുക, ഹോട്ടലുകളിലും മറ്റും ഡ്രൈവർമാർക്ക് വിശ്രമമുറികൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്.നിലവിലെ 30 രൂപ മിനിമം ചാർജ് എത്രയായി ഉയരുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കമ്മിഷൻ റിപ്പോർട്ടിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരിക.