അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: കെ എം ഷാജിക്ക് അനുകൂല വിധി; തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സുപ്രീംകോടതി

 

അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് സുപ്രീംകോടതിയുടെ അനുകൂല വിധി. കെ എം ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ച കെ എം ഷാജിയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. 2018ൽ ഹൈക്കോടതി വിധിച്ച ആറുവർഷത്തെ അയോഗ്യതക്കെതിരെ ഷാജി സുപ്രീംകോടതിയെ സമീപിക്കുകയും ഇടക്കാല സ്റ്റേ നേടുകയും ചെയ്തിരുന്നു. അതേസമയം, കെ എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് എം വി നികേഷ് കുമാർ നൽകിയ അപേക്ഷയിൽ സുപ്രീംകോടതി വിശദമായ വാദം കേൾക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു.