വയനാട്ടിൽ വീണ്ടും കരടി; ഭയപ്പാടിൽ ജനം 

 
karadi

വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കരടിയിറങ്ങി. വാകേരി മൂടക്കൊല്ലി സ്വദേശി ആനക്കുഴിയിൽ പുഷ്പാകരന്റെ കൃഷിയിടത്തിലാണ് കരടി എത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് വാകേരി മൂടക്കൊല്ലിയിൽ കരടി എത്തിയത്.വീടിനു സമീപമെത്തിയ കരടി പ്രദേശത്തെ വാഴത്തോട്ടത്തിലേക്കാണ് ഓടി മറഞ്ഞത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കരടിയുടെ കാൽപ്പാടുകൾ കണ്ടെത്തി. പ്രദേശത്ത് കരടിക്കായുള്ള തിരച്ചിൽ വനം വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

ദിവസങ്ങൾക്കിടെ വീണ്ടും മറ്റൊരു കരടി കൂടി ജനവാസ മേഖലയിൽ ഇറങ്ങിയതിൽ ആശങ്കയിലാണ് നാട്ടുകാർ. നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയ കരടിയെ ദിവസങ്ങൾക്ക് മുമ്പാണ് കാടുകയറ്റിയത്. എന്നാൽ കരടി തിരിച്ച് നാട്ടിലേക്ക് ഇറങ്ങുമെന്ന ആശങ്ക ഉള്ളതായി വനപാലകർ അന്ന് അറിയിച്ചിരുന്നു. കരടിയെ പടക്കം പൊട്ടിച്ച് വയലിലേക്കെത്തിച്ചെങ്കിലും മയക്കു വെടിവയ്ക്കാൻ കഴിഞ്ഞിരുന്നില്ല. രാത്രിയും പകലും നിർത്താതെ സഞ്ചരിക്കുമായിരുന്നതിനാല്‍ കരടിയെ പിടികൂടുന്നതിൽ വലിയ പ്രതിസന്ധിയാണ് വനംവകുപ്പ് നേരിട്ടത്.