ചന്ദ്രയാൻ-3 എന്ന അഭിമാനം കളയാൻ ഇങ്ങനെ ഒരധ്യാപിക മതി; ഹരീഷ് പേരടി

 

ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്ലീം വിദ്യാർഥിയെ ഒരു അധ്യാപിക കവിളത്ത് അടിപ്പിക്കുന്ന രംഗങ്ങൾ രാജ്യത്താകെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഒട്ടേറെപേരാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ നടൻ ഹരീഷ് പേരടി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 685 കോടിയുടെ ചന്ദ്രയാൻ- 3 ന്റെ അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് കേന്ദ്രസർക്കാർ മറക്കരുതെന്ന് ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്

ഇന്ത്യ എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫർ നഗറിലെ ഈ സ്‌കൂളിന് മുന്നിൽ അല്ലെ ഒത്ത് ചേരണ്ടേത്...അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല...മറിച്ച് മനസ്സിൽ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാർത്ഥ ഇന്ത്യയെ ഉണ്ടാക്കാനാണ് ...ആ സ്‌കൂളിന്റെ മുന്നിൽ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു...വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സർക്കാറെ..685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുത്...

അധ്യാപികയ്ക്കെതിരേ ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി മുസാഫർനഗർ പോലീസ് അറിയിച്ചു. മുസാഫർനഗറിലെ ഖുബ്ബാപുർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ്. വിദ്യാഥിയെ തല്ലാൻ മറ്റു കുട്ടികളെ അധ്യാപിക പ്രേരിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോലുള്ളത്. അടിയേറ്റ കുട്ടി കരയുമ്പോൾ കുടുതൽ നല്ല അടി കൊടുക്കാൻ അധ്യാപിക പറയുന്നു.