ബിഹാർ തിരഞ്ഞെടുപ്പ്; ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു; സ്ത്രീകൾക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി മുന്നണികൾ
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. സ്ത്രീ വോട്ടർമാരെ ഒപ്പം നിർത്താൻ വമ്പൻ പ്രഖ്യാപനങ്ങളാണ് മുന്നണികൾ നടത്തിയത്. അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് മുപ്പതിനായിരം രൂപയും കർഷകർക്ക് താങ്ങുവിലക്ക് പുറമെ സാമ്പത്തിക സഹായവും നൽകുമെന്ന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് പ്രഖ്യാപിച്ചു.
മായി ബഹിൻ മാൻ' യോജന എന്ന പേരിലുള്ള പദ്ധതി വഴി അധികാരത്തിൽ എത്തിയാൽ ജനുവരി മാസം തന്നെ മുപ്പതിനായിരം രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം. ഒരു ക്വിന്റൽ നെല്ലിന് 300 രൂപയും, ഒരു കിന്റൽ ഗോതമ്പിന് 400 രൂപയും താങ്ങുവിലയ്ക്ക് പുറമേ നൽകുമെന്നും തേജസ്വി യാദവ് പറഞ്ഞു.
അധികാരത്തിൽ എത്തിയാൽ നടത്താൻ പോകുന്ന പദ്ധതികളെക്കുറിച്ചല്ല റിട്ടയർമെന്റ് പദ്ധതികളെ കുറിച്ചാണ് തേജസ്വി യാദവ് ആലോചിക്കേണ്ടതെന്ന് ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ പരിഹസിച്ചു. ബിഹാറിൽ ആഞ്ഞടിക്കുന്നത് എൻഡിഎ സുനാമി ആണെന്ന് ഹസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. രാഹുൽ ദുശ്ശകുനമാണെന്നും അദ്ദേഹം പരിഹസിച്ചു.18 ജില്ലകളിലായി 121 മണ്ഡലങ്ങളാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 11നാണ് ശേഷിച്ച 122 സീറ്റുകളിൽ ജനവിധി തേടുക.