തൃശൂരിൽ ബൈക്ക് മരത്തിലിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം
Jan 16, 2026, 11:06 IST
തൃശൂർ മാള അണ്ണല്ലൂരിൽ ബൈക്ക് നിയന്ത്രണം തെറ്റി മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു (19), അലൻ ഷാജു (19) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് അപകടം നടന്നത്.
അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കളായ ഇരുവരും പഠനത്തിന്റെ ഭാഗമായി നാട്ടിലെത്തിയതായിരുന്നു. നീൽ ഷാജു ബംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിയും, അലൻ ഷാജു പുല്ലൂറ്റ് ഐ.ടി.സി. വിദ്യാർഥിയുമാണ്.
അമിതവേഗതയാണോ അതോ നിയന്ത്രണം നഷ്ടപ്പെട്ടതാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. രാത്രികാലങ്ങളിൽ ഈ മേഖലയിൽ റോഡ് സുരക്ഷാ മുന്നറിയിപ്പുകൾ കർശനമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇരുവരുടെയും സംസ്‌കാരം പിന്നീട് നടക്കും.