കാഞ്ഞാണിയിൽ ബൈക്ക് കാനയിലേക്ക് മറിഞ്ഞു; 19കാരന് ദാരുണാന്ത്യം
Sep 13, 2026, 12:55 IST
തൃശൂർ അന്തിക്കാട് റോഡിൽ കാഞ്ഞാണി സെന്റ് തോമസ് പള്ളി കപ്പേളയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞാണി ഭവൻസ് സ്‌കൂൾ പരിസരത്തെ അയ്യാണ്ടി വീട്ടിൽ ബിജുവിന്റെയും സുമയുടെയും മകൻ ഗൗതം (19) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.
നിയന്ത്രണംവിട്ട ബൈക്ക് കാനയിലേക്ക് വീണപ്പോൾ ഗൗതമിന്റെ തല മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗൗതമിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തിൽ കാരമുക്ക് സ്വദേശി തോരേക്കാട്ടിൽ വീട്ടിൽ അതുൽ (22) നും പരിക്കേറ്റു. ഇയാൾ തൃശൂരിലെ അശ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ ബസ് ജീവനക്കാരനായ ഗൗതവും അതേ ബസിലെ ഡ്രൈവറായ അതുലും സുഹൃത്തുക്കളാണ്. അതുലിന്റെ ബൈക്കിലാണ് ഗൗതം കാഞ്ഞാണിയിലേക്ക് പോയതെന്ന് വീട്ടുകാർ പറഞ്ഞു.