ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകം; 26,000-ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും

 

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗബാധ സ്ഥിരീകരിച്ച മേഖലകളിലും നിരീക്ഷണ പരിധിയിലുമുള്ള 26,000-ത്തിലധികം വളർത്തുപക്ഷികളെ ഇന്ന് മുതൽ കൊന്നൊടുക്കും. ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലാണ് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴയ്ക്ക് പുറമെ പത്തനംതിട്ട ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളിലും പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ആലപ്പുഴ നഗരസഭയിലെ 13 വാർഡുകളും ഹരിപ്പാട്, മാവേലിക്കര നഗരസഭകളും ഉൾപ്പെടെ ആകെ 36 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലാണ് പ്രതിരോധ നടപടികൾ നടപ്പാക്കുന്നത്. രോഗബാധിത പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5എൻ1 വൈറസ് വകഭേദം സ്ഥിരീകരിച്ചത്.മുൻകരുതൽ നടപടികളുടെ ഭാഗമായി നിരീക്ഷണ മേഖലകളിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ്, മുട്ട, ഇറച്ചി എന്നിവയുടെ വിപണനത്തിനും കടത്തിനും പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് താറാവ്, കോഴി ഫാമുകൾ നടത്തിയിരുന്ന കർഷകർക്ക് പക്ഷിപ്പനി വ്യാപനം വലിയ തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ തവണ പക്ഷിപ്പനി ബാധിച്ച് പക്ഷികളെ കൊന്നൊടുക്കിയതിന്റെ നഷ്ടപരിഹാരത്തുക പോലും പൂർണമായി ലഭിച്ചിട്ടില്ലെന്നാണ് കർഷകരുടെ പരാതി. പുതിയ പ്രതിരോധ നടപടികൾ ഫാം ഉടമകളെയും ചെറുകിട കർഷകരെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്.