സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി പങ്കെടുക്കും; ആശംസകളുമായി രാജീവ് ചന്ദ്രശേഖർ
വി.ഡി. സതീശന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പുതിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി പങ്കെടുക്കും. ബിജെപി സംസ്ഥാന പ്രസിഡന്റും നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വി.ഡി. സതീശൻ തന്നെ ഫോണിൽ വിളിച്ച് ക്ഷണിച്ചതായി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ജനാധിപത്യ മര്യാദകൾ ഉയർത്തിപ്പിടിച്ച് ചടങ്ങിൽ ബിജെപി എംഎൽഎമാരും പ്രതിനിധികളും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് രാജീവ് ചന്ദ്രശേഖർ ആശംസകൾ അറിയിക്കുകയും ചെയ്തു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിക്കുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി തുടങ്ങിയ ദേശീയ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്തെത്തും. വിവിധ അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും രാഷ്ട്രീയ-ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് പാസ് വഴി മാത്രമായിരിക്കും പ്രവേശനം. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാർ രാജ്ഭവനിൽ ഗവർണറുടെ സത്കാരത്തിൽ പങ്കെടുക്കും. തുടർന്ന് ആദ്യ മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും.