ബ്ലീച്ചിങ് പൗഡർ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിൽ തുടർ നടപടി ഉണ്ടാകുമെന്ന് മന്ത്രി
ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനം എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ ലഭിച്ച റിപ്പോർട്ട് അംഗീകരിക്കാൻ കഴിയാത്തതാണെന്നും അതുകൊണ്ടാണ് അന്വേഷണം വിജിലൻസിന് കൈമാറിയതെന്നും മന്ത്രി പറഞ്ഞു.
കെ.എം.എസ്.സി.എൽ 7.32 കോടി രൂപയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ടെൻഡർ നടപടികളിൽ ക്രമക്കേടില്ലെന്നായിരുന്നു ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, മാർച്ച് 11നും മേയ് ആറിനും ഇടയിലാണ് ഇടപാട് നടന്നത്. ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവുണ്ടായെന്ന മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷണം നടത്താൻ മന്ത്രി നിർദേശിച്ചത്.
കെ.എം.എസ്.സി.എൽ സ്വീകരിച്ച സംഭരണ നടപടിക്രമങ്ങൾ, നിലവിലുള്ള ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ, ന്യായമായ വിലയ്ക്കാണോ ഉൽപ്പന്നം വാങ്ങിയത്, ബ്ലീച്ചിങ് പൗഡറിന്റെ ഗുണനിലവാരവും ഉപയോഗവും, സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിൽ പരിശോധിക്കുന്നത്.