അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ; പ്രതി ഇതര സംസ്ഥാന തൊഴിലാളി

 

അട്ടപ്പാടി ചീരക്കടവ് ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവാണ് പ്രതിയെന്ന് പൊലീസ്. പശ്ചിമബംഗാൾ സ്വദേശിയും തോട്ടം തൊഴിലാളിയുമായ ഇയാൾക്കായി അന്വേഷണം തുടരുകയാണ്. പ്രതി സംസ്ഥാനം വിട്ടതായി സൂചനയുണ്ടെങ്കിലും ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മൃതേദഹങ്ങൾ കണ്ടെത്തിയ ബിരിയാണി ചാക്കിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരം ലഭിച്ചത്. കോട്ടത്തറയിലെ ഒരു കടയിൽ നിന്നാണ് പ്രതി ചാക്ക് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് ചാക്കുകളിലാക്കിയ മൃതദേഹങ്ങൾ ഭവാനിപ്പുഴയിൽ ഒഴുക്കിവിട്ടെന്നാണ് പൊലീസിന്റെ നിഗമനം.

യുവതിയും പെൺകുട്ടിയും അട്ടപ്പാടിയിലെ തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്നു. പ്രതിയും കുടുംബവും 20 ദിവസം മുൻപാണ് അട്ടപ്പാടിയിൽ എത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയുടെയും യുവതിയുടെയും മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ ഫൊറൻസിക് പരിശോധനയ്ക്കായി മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.അഗളി ഡിവൈഎസ്പി ആർ. അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.