വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ സ്വദേശി ആന്റണിയുടെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. അതേസമയം, അപകടത്തിൽ കാണാതായ മറ്റൊരു മത്സ്യതൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
വ്യാഴാഴ്ച അർധരാത്രിയോടെ വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ അടിമലത്തുറ സ്വദേശി ആന്റണിയെ കാണാതായത് .കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്.
ആന്റണിക്കൊപ്പം കടലിൽ കാണാതായ ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ ഗാർഡും സംയുക്തമായി തുടരുകയാണ്. രക്ഷാപ്രവർത്തനം ഇഴഞ്ഞുനീങ്ങുകയാണെന്നാരോപിച്ച് പ്രദേശവാസികൾ പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്.
അപകടസമയത്ത് വള്ളത്തിൽ നാല് മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശി ജോസിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.