കോഴിക്കോട് ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
Nov 18, 2026, 10:39 IST
കോഴിക്കോട് നോർത്ത് ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നോർത്ത് ബീച്ചിലെ സ്റ്റേജിന് സമീപം ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. പ്രഭാതനടത്തത്തിനായി എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ ഉടൻതന്നെ സുരക്ഷാ ജീവനക്കാരെയും തുടർന്ന് പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. ജനിച്ചയുടൻ കുഞ്ഞിനെ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണത്തിലാണ് പോലീസ്.