കോഴിക്കോട് കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കുഞ്ഞ് ജനനത്തിന് മുമ്പേ മരിച്ചതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

 

കോഴിക്കോട് കടപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു ജനനത്തിന് മുമ്പോ ജനനസമയത്തോ മരിച്ചതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കുഞ്ഞ് ശ്വാസമെടുത്തിരുന്നില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെ ഫ്രീഡം സ്ക്വയർ ഓപ്പൺ സ്റ്റേജിന് സമീപമാണ് പ്രഭാതസവാരിക്കിറങ്ങിയവർ മൃതദേഹം കണ്ടെത്തിയത്.

മണലിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്ന കുഞ്ഞിനെ ആദ്യം കളിപ്പാട്ടമോ പാവയോ ആണെന്നാണ് കണ്ടവർ കരുതിയത്. എന്നാൽ നാട്ടുകാരും ബീച്ച് സുരക്ഷാ ജീവനക്കാരും അടുത്തെത്തി പരിശോധിച്ചപ്പോഴാണ് പൊക്കിൾക്കൊടി പോലും വേർപെടുത്താത്ത നിലയിലുള്ള നവജാത ശിശുവാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകളും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഫോറൻസിക് സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

തിരമാലകൾ എത്താത്ത മണൽപ്പരപ്പിലാണ് മൃതദേഹം കിടന്നിരുന്നത് എന്നതിനാൽ കടലിൽ നിന്ന് ഒഴുകിയെത്തിയതല്ലെന്നും മനഃപൂർവ്വം ഉപേക്ഷിച്ചതാണെന്നും പൊലീസ് സ്ഥിരീകരിച്ചു. പുലർച്ചെ 3.30 വരെ ബീച്ചിൽ പൊലീസ് രാത്രികാല പട്രോളിംഗ് ഉണ്ടായിരുന്നുവെന്നും ആ സമയത്ത് ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനാൽ പുലർച്ചെ 3.30-നും ആറുമണിക്കും ഇടയിലാണ് കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.