വൈക്കത്ത് വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കായലിൽ പൊങ്ങി
Jul 30, 2025, 13:34 IST
വേമ്പനാട്ടു കായലിൽ വൈക്കം മുറിഞ്ഞപുഴയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ സുമേഷിന്റെ (42) മൃതദേഹം അരൂർ കോട്ടപ്പുറം കായലിൽ പൊങ്ങിയ നിലയിൽ കണ്ടെത്തി. തുടർച്ചയായി രണ്ടുദിവസവും തിരച്ചിൽ നടത്തിയിരുന്നെങ്കിലും സുമേഷിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല .ഇന്നു രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കുന്നതിനിടെയാണ് മൃതദേഹം അരൂർ ഭാഗത്ത് പൊങ്ങിയതായി വിവരം ലഭിച്ചത്. തിങ്കളാഴ്ച മുറിഞ്ഞപുഴ കാട്ടിക്കുന്ന് ഭാഗത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയി തിരികെ വരുമ്പോഴാണ് വള്ളം മറിഞ്ഞത്. 23 അംഗ സംഘം സഞ്ചരിച്ച എൻജിൻ ഘടിപ്പിച്ച വള്ളമാണ് ശക്തമായ കാറ്റിലും തിരയിലും ആടിയുലഞ്ഞ് അപകടത്തിൽപ്പെട്ടത്. മറ്റ് 22 പേരെ രക്ഷപ്പെടുത്തിയിരുന്നു.