പാനൂരിൽ അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ

 

പാനൂരിൽ അധ്യാപികയായ ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് ശരൺ പൊലീസ് പിടിയിലായി.ആദിത്യ ആത്മഹത്യക്ക് ശ്രമിച്ചതിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ പാനൂർ പൊലീസ് ഇന്ന് വൈകിട്ടോടെയാണ് പിടികൂടിയത്.ആദിത്യയുടെ മരണത്തിന് കാരണം ശരണിന്റെ ക്രൂരമായ മനവും മാനസിക പീഡനവുമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ജൂൺ 8ന് ആദിത്യയെ ശരൺ ക്രൂരമായി മർദ്ദിച്ചിരുന്നു . മർദനത്തെ തുടർന്ന് വലിയ രീതിയിലുള്ള മാനസികാഘാതത്തിലും ശാരീരിക ബുദ്ധിമുട്ടുകളിലുമായിരുന്നു ആദിത്യ. തുടർന്ന് ജൂൺ 15ന് ആദിത്യ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിത്യ ഇന്നലെ രാത്രിയോടെയാണ് മരണപ്പെടുന്നത്. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ആദിത്യയുടെ കൈകളിൽ മാത്രമല്ല, തലയിലും നെഞ്ചിലും ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായ മർദനമേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം വീടിനടുത്തുള്ള ഒളിസങ്കേതത്തിൽ കഴിഞ്ഞുവരികയായിരുന്ന ശരണിനെക്കായി പൊലീസ് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു.