കൈക്കൂലി കേസ്; വൈക്കം മുൻ സി.ഐ പി.എ. ഷമീർഖാൻ അറസ്റ്റിൽ

 

കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം മുൻ പൊലീസ് ഇൻസ്‌പെക്ടർ പി.എ. ഷമീർഖാനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വിവിധ ആളുകളിൽനിന്നായി 2.27 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 16ന് ഷമീർഖാന്റെ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൈക്കൂലി പണം ഗൂഗിൾ പേ വഴി സ്വീകരിച്ചിരുന്നതായി കണ്ടെത്തിയത്. അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് പണം കൈമാറിയിരുന്നതെന്നും വിജിലൻസ് കണ്ടെത്തി.

കേസിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ ഷമീർഖാൻ ഒളിവിൽ പോയിരുന്നു. കൈക്കൂലി ഇടപാടിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പണം കൈമാറാൻ ഉപയോഗിച്ച അക്കൗണ്ടിന് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും വിജിലൻസ് അന്വേഷിച്ചുവരികയാണ്.