വർക്കലയിൽ വീട് കുത്തിത്തുറന്ന് മോഷണം; പത്ത് പവൻ സ്വർണം കവർന്നു
തിരുവനന്തപുരം വർക്കലയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. അയണികുഴിവിള സ്വദേശി ബാബുവിന്റെ വീട്ടിൽ നിന്ന് പത്ത് പവനോളം സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബാബുവിന്റെ രണ്ട് പെൺമക്കൾ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് മുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.
മോഷണത്തിന് ശേഷം അടുക്കളയിൽ എത്തിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ എടുക്കുന്നതിനിടെയാണ് പെൺകുട്ടികൾ ശബ്ദം കേട്ട് ഉണർന്നത്. മോഷ്ടാവിനെ കണ്ട പെൺകുട്ടികൾ ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.മുഖം മറച്ചുകൊണ്ടാണ് മോഷ്ടാവ് എത്തിയത്.
അതേസമയം, ഇതേ രാത്രി സമീപത്തെ മറ്റ് അഞ്ച് വീടുകളിലും സമാന രീതിയിൽ മോഷണശ്രമം നടന്നതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. എല്ലാ സംഭവങ്ങൾക്കും പിന്നിൽ ഒരാൾ തന്നെയാണോയെന്ന് പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി വർക്കല പൊലീസ് അറിയിച്ചു.