നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമരത്തിൽ ഫെഡറേഷൻ പ്രസിഡന്റ് കെ കെ തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവർ നിരാഹാരമനുഷ്ഠിക്കും.രണ്ടുപേർ വിതമായിരിക്കും നിരാഹാരം കിടക്കുക.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ അടിയന്തര സർക്കാർ ഇടപെടൽ വേണമെന്നാണ് ഫെഡറേഷന്റെ ആവശ്യം. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉൾപ്പെടെ ബസ് യാത്രാനിരക്കുകൾ വർധിപ്പിക്കുക, പത്മകുമാർ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുക, ആർ.ടി. ഓഫീസുകളിൽ നിന്നുള്ള സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്.ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം. എന്നാൽ, സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് തൽക്കാലം കടക്കില്ലെന്നും അത്തരമൊരു നടപടി സാധാരണക്കാരെ ബാധിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.