ലാപ്ടോപ്പ് വാങ്ങിത്തന്നാൽ മതി, കേസിനില്ലെന്ന് അഭിറാം; പൊലീസിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
പത്തനംതിട്ടയിൽ പുതുവത്സരാഘോഷത്തിനിടെ ഡിജെ കലാകാരനായ അഭിറാം സുന്ദറിന്റെ ലാപ്ടോപ്പ് പൊലീസ് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
പൊലീസിനെതിരെ നിയമനടപടികൾക്ക് പോകാൻ തനിക്ക് താൽപ്പര്യമില്ലെന്ന് അഭിറാം സുന്ദർ വ്യക്തമാക്കി. പകരം, തന്റെ ഉപജീവനമാർഗ്ഗമായ ലാപ്ടോപ്പ് പൊലീസ് വാങ്ങിത്തരണമെന്നും തനിക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നുമാണ് അഭിറാമിന്റെ ആവശ്യം. പത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ നടന്ന പരിപാടിക്കിടെ അർദ്ധരാത്രിക്ക് ശേഷവും സംഗീതം തുടർന്നുവെന്നാരോപിച്ചായിരുന്നു പൊലീസിന്റെ അതിക്രമം. ലാപ്ടോപ്പ് ചവിട്ടിത്തെറിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം, തിരുവനന്തപുരം ശംഖുമുഖത്ത് പുതുവത്സരാഘോഷത്തിനിടെയുണ്ടായ പൊലീസ് മർദ്ദനത്തിലും പരാതി ഉയർന്നിട്ടുണ്ട്. മയക്കുമരുന്ന് മാഫിയ ബന്ധമുള്ള പൊലീസുകാരനാണ് മർദ്ദനത്തിന് പിന്നിലെന്ന് ആരോപിച്ച് എസ്എഫ്ഐ മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുവത്സര രാത്രിയിലുണ്ടായ പൊലീസ് നടപടികൾ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.