ബിഎസ്എൻഎൽ 4ജി; ഓൺലൈൻ ആയി സിം എടുക്കാം
പ്രതാപകാലം വീണ്ടെടുക്കാൻ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. ഇതിൻറെ ഭാഗമായി 4ജി നെറ്റ്‌വർക്ക് ബിഎസ്എൻഎൽ വ്യാപിപ്പിച്ചുവരികയാണ്. കേരളത്തിലടക്കം വിവിധയിടങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമായിട്ടുണ്ട്. ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാനും പുതിയ 4ജി സിം എടുക്കാനും ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനായി ബിഎസ്എൻഎൽ ഓഫീസ് സന്ദർശിക്കണമെന്നില്ല. LILO ആപ്പ് വഴി ബിഎസ്എൻഎല്ലിൻറെ പുതിയ 4ജി സിം കാർഡിന് ഓർഡർ നൽകാം. ആൻഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ഈ ആപ്ലിക്കേഷനിൽ കയറി ബിഎസ്എൻഎൽ എന്ന ഓപ്ക്ഷൻ തെരഞ്ഞെടുത്താൽ അപ്‌ഗ്രേഡ് ടു 4ജി സിം, ഗെറ്റ് ന്യൂ സിം, പോർട്ട് ടു ബിഎസ്എൻഎൽ എന്നീ ഓപ്ഷനുകൾ കാണാം.
പുതിയ 4ജി സിം ആണ് ആവശ്യമെങ്കിൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്‌ത് അഡ്രസ് നൽകിയാൽ സിം വീട്ടുപടിക്കലെത്തും. സമാനമായി സിം ഓൺലൈനായി പോർട്ട് ചെയ്‌തും വീട്ടുപടിക്കൽ വാങ്ങാം. ഈ ആപ്പ് ഉപയോഗിക്കാൻ താൽപര്യമില്ലാത്തവരാണേൽ ബിഎസ്എൻഎല്ലിൻറെ 4ജി സിം ഓർഡർ ചെയ്യാൻ മറ്റൊരു എളുപ്പവഴി കൂടിയുണ്ട്.
8891767525 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ഒരു Hi അയച്ചാൽ മതിയാകും ഇതിനായി. ഇങ്ങനെ സിം ഓർഡർ ചെയ്യുമ്പോഴും ചാറ്റിൽ നിന്ന് ബിഎസ്എൻഎൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ സർവീസ് സെലക്ട് ചെയ്‌താൽ ആപ്പിലെ പോലെ തന്നെ അപ്‌ഗ്രേഡ് സിം, ഗെറ്റ് ന്യൂ സിം, പോർട്ട് ടു ബിഎസ്എൻഎൽ എന്നീ മൂന്ന് സേവനങ്ങളും ലഭിക്കും. ഇങ്ങനെ ഓർഡർ ചെയ്യുമ്പോഴും സിം വീട്ടുപടിക്കൽ എത്തിക്കും.