എല്ലാ കാര്യങ്ങളും KSUവിനോട് ആലോചിച്ച് തീരുമാനിക്കാൻ പറ്റുമോ; പ്ലീഡർ നിയമന വിവാദത്തിൽ റോജി എം ജോൺ
ഹൈക്കോടതി പ്ലീഡർ നിയമന വിവാദത്തിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. എല്ലാ കാര്യങ്ങളും കെ.എസ്.യുവിനോടും യൂത്ത് കോൺഗ്രസിനോടും ആലോചിച്ച് തീരുമാനിക്കാൻ പറ്റുമോയെന്ന് മന്ത്രി ചോദിച്ചു.
'കെ.എസ്.യു തീരുമാനിക്കേണ്ടത് കെ.എസ്.യു തീരുമാനിക്കും. കോൺഗ്രസും അതിന്റെ പോഷക സംഘടനകളും ചെയ്യേണ്ടത് അതാത് സംഘടനകൾ ചെയ്യും. സർക്കാർ ഭരണപരമായി ചെയ്യേണ്ടത് സർക്കാർ ചെയ്യും' എന്നും റോജി എം ജോൺ വ്യക്തമാക്കി. പ്ലീഡർ നിയമനത്തിൽ കെഎസ്‌യു വിമർശനമുന്നയിച്ചത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീ (PM SHRI) പദ്ധതിയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാരിന് താത്പര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, ഒരുതരത്തിലും സർക്കാരിന് ഒഴിവാകാൻ കഴിയാത്ത വിധത്തിലുള്ള കർശന നിബന്ധനകൾ ഉൾപ്പെടുത്തിയാണ് മുൻ എൽഡിഎഫ് സർക്കാർ ഇതിൽ ഒപ്പിട്ടത്. മന്ത്രിസഭാ ഉപസമിതി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കീം (KEAM) പരീക്ഷാ നടത്തിപ്പ് പുനഃപരിശോധിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അടുത്ത വർഷം മുതൽ പരീക്ഷാ നടത്തിപ്പിലും അലോട്ട്‌മെന്റിലും മാറ്റങ്ങൾ ഉണ്ടാകും. പ്രക്രിയ കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കുന്നതിനായി പഠനം നടത്താൻ ഒരു വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തുമെന്നും റോജി എം ജോൺ പറഞ്ഞു.