ക്യാപിറ്റൽ പണിഷ്‌മെന്റ് പരാമർശം മാധ്യമ സൃഷ്ടി: ചിന്താ ജെറോം
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് എതിരായ ക്യാപിറ്റൽ പണിഷ്‌മെന്റ് പരാമർശം തള്ളി ചിന്താ ജെറോം. ക്യാപിറ്റൽ പണിഷ്‌മെന്റ് എന്ന വാക്ക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും. പൂർണ്ണമായും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ചിന്താ ജെറോം പറഞ്ഞു. അത്തരത്തിലുള്ള പരാമർശം ഉയർന്ന് വന്നിട്ടില്ലെന്ന് ചിന്താ ജെറോം വ്യക്തമാക്കി.
മുൻ എം.എൽ.എ കെ. സുരേഷ് കുറുപ്പ് മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലാണ് ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയിൽ, വി എസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ക്യാപിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന പരാമർശത്തിന് പിന്നാലെ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു ഇറങ്ങിപ്പോയി എന്നും ലേഖനത്തിൽ പറയുന്നു. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്ന് സുരേഷ് കുറുപ്പ് ലേഖനത്തിൽ പറയുന്നു. ഒരു കാലത്ത് വിഎസ് പക്ഷത്തിന്റെ ശക്തനായ നേതാവായിരുന്നു സുരേഷ് കുറുപ്പ്. വിഎസ് അച്യുതാനന്ദന്റെ മരണശേഷം പാർട്ടിയെ പ്രതിരോധത്തിലാക്കി ഉയർന്ന ആക്ഷേപങ്ങളിൽ ഒന്നായിരുന്നു വിഎസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് പരാമർശം.