തലപ്പാടിയിൽ വാഹനാപകടം ; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞു കയറി 5 പേർക്ക് ദാരുണാന്ത്യം

 

കേരള - കർണാടക അതിർത്തിയായ തലപ്പാടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞു കയറി 5 പേർക്ക് ദാരുണാന്ത്യം. കർണാടക ആർടിസിയുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം. അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നുപേരും ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ല.