ദേശീയപാതയിൽ ഡിവൈഡറിലിടിച്ച് കാർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട് ചോമ്പാലയിൽ ദേശീയപാതയിൽ ഡിവൈഡറിലിടിച്ച് കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ ആറരയോടെ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപമായിരുന്നു അപകടം.
കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ മൊറാഴ സ്വദേശികളായ ദേവദാസ് (72), ബാബു ബാലകൃഷ്ണൻ (66), മണികണ്ഠൻ (27), വിജി (37), അസീബ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകര ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
അപകടത്തിന്റെ ശബ്ദം കേട്ട് സമീപത്തെ സ്റ്റേഡിയത്തിലും ഓപ്പൺ ജിമ്മിലുമായി പരിശീലനം നടെത്തുയായിരുന്നവരും നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ അതിവേഗം പുറത്തെത്തിച്ചത്. ഇവരെ രക്ഷപ്പെടുത്തിയതിന് പിന്നാലെ കാറിന് തീപിടിച്ച് പൂർണമായും കത്തിനശിക്കുകയായിരുന്നു.
വടകരയിൽനിന്നും മാഹിയിൽനിന്നുമെത്തിയ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്. അപകടത്തെ തുടർന്ന് ചോമ്പാല പൊലീസ് ദേശീയപാതയിലൂടെയുള്ള ഗതാഗതം സർവീസ് റോഡിലേക്ക് തിരിച്ചുവിട്ടു.