ചേര്‍ത്തലയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

 

ചേർത്തലയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. വയലാർ സ്വദേശി ആരവ് കൃഷ്ണ (24), തണ്ണീർമുക്കം സ്വദേശി നന്ദഗോപാൽ (22) എന്നിവരാണ് മരിച്ചത്. ചേർത്തല 11-ാം മൈൽ പള്ളിക്കവലയിൽ വെച്ച് ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

എതിർദിശയിൽ നിന്നെത്തിയ വാഹനങ്ങൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തകർന്ന കാറിലുണ്ടായിരുന്ന യുവാക്കളെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.