യു.പി.ഐ. വഴി കൈക്കൂലി വാങ്ങിയ കേസ്: വൈക്കം സി.ഐ. ഷമീർ ഖാനെ സസ്പെൻഡ് ചെയ്തു

 

യൂണിഫോമിന്റെ മറവിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യാപകമായി കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്ന് വൈക്കം സർക്കിൾ ഇൻസ്പെക്ടർ (സി.ഐ.) പി.എ. ഷമീർ ഖാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് നടപടി. ഷെമീർ ഖാനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയും വിജിലൻസും സർക്കാരിനും ഡി.ഐ.ജി.ക്കും റിപ്പോർട്ട് നൽകിയിരുന്നു.

വൈക്കത്ത് ചുമതലയേറ്റെടുത്ത് ഒരു മാസം പിന്നിടുന്നതിനിടെ 2.28 ലക്ഷം രൂപയോളമാണ് സി.ഐ. കൈക്കൂലിയായി സമ്പാദിച്ചതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൈക്കൂലി തുക നേരിട്ട് വാങ്ങാതെ, കോഴിഫാമിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിയുടെ പേരിൽ കനറാ ബാങ്ക് ശാഖയിൽ വ്യാജ അക്കൗണ്ട് ആരംഭിച്ച് അതിലേക്ക് ഗൂഗിൾ പേ വഴി പണം വരുത്തുകയായിരുന്നു ഇദ്ദേഹം. മറ്റൊരു വൈക്കം സ്വദേശിയുടെ സിം കാർഡ് ഉപയോഗിച്ച് യു.പി.ഐ. സംവിധാനം സജ്ജമാക്കിയ ശേഷം, ടിപ്പർ ലോറിക്കാരിലും അനധികൃത മണ്ണുകടത്തുകാരിൽ നിന്നും സ്റ്റേഷനിലെ മറ്റ് ആവശ്യങ്ങൾക്കുമായി ഈ അക്കൗണ്ടിലേക്ക് പണം വാങ്ങുകയായിരുന്നു.

വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ സി.ഐ.യുടെ പക്കൽ നിന്നും ഈ അക്കൗണ്ടിന്റെ എ.ടി.എം. കാർഡും ഫോണും പിടിച്ചെടുത്തിരുന്നു. തുടർന്ന് സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസും ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ ഔദ്യോഗിക സസ്പെൻഷൻ നടപടി ഉണ്ടായത്.