കരിങ്കൊടി പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന കേസ്;വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തി എസ്ഐടി
കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ എസ്ഐടി മൊഴി രേഖപ്പെടുത്തി. പത്തനംതിട്ടയിലെ കൊടുമണിലുള്ള വീണാ ജോർജിന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. എസ്ഐടി തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച മൂന്നര മണിക്കൂറോളം ചെലവഴിച്ചാണ് മൊഴി രേഖപ്പെടുത്തിയത്.പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു. പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്നതിനുള്ള സൂചനകളൊന്നും വീണാ ജോർജിന്റെ മൊഴിയിലുമില്ലെന്നാണ് അറിയുന്നത്. അടിക്കുന്നത് കണ്ടോയെന്ന ചോദ്യത്തിനും മുൻ മന്ത്രി വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് സൂചന.
വീണാ ജോർജിന്റെ ഗൺമാൻ എം.എസ്. അഭിലാഷിന്റെയും സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് പോലീസുകാരുടെയും മൊഴി എസ്.ഐ.ടി. നേരത്തേ രേഖപ്പെടുത്തിയിരുന്നു. കെ.എസ്.യു. പ്രവർത്തകർ അടിക്കുന്നത് കണ്ടില്ലെന്നാണ് പോലീസുകാരും മൊഴി നൽകിയതെന്നാണ് അറിയുന്നത്.കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പ്രവർത്തകർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുത്തത്. 15 ദിവസത്തെ റിമാൻഡിന് ശേഷമാണ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്.
2026 ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെ.എസ്.യു. പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ കഴുത്തിന് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു എഫ്ഐആറിലെ ആരോപണം. മന്ത്രിയുടെയും ഗൺമാന്റെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും റെയിൽവേ സ്റ്റേഷൻ പരിസരത്ത് അതിക്രമം നടത്തിയതിനും കേസെടുത്തിരുന്നു. സംഭവത്തിലെ മൊഴികളും മറ്റ് തെളിവുകളും പരിശോധിച്ചാണ് എസ്ഐടി അന്വേഷണം തുടരുന്നത്.എന്നാൽ, കുറ്റപത്രം നൽകുമ്പോൾ വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ ഗുരുതര വകുപ്പുകൾ ഒഴിവാക്കുകയായിരുന്നു