അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല
അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ബത്തേരി കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്.
ആന്റോയുടെ വീട്ടിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ 138 കുപ്പികളിലായി 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. ഇതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്‌സൈസ് കോടതിയെ അറിയിച്ചത്. എന്നാൽ പിടിച്ചെടുത്തത് വ്യാജമദ്യമല്ലെന്നും ഹോം മെയ്ഡ് വൈനാണെന്നുമാണ് ആന്റോയുടെ വാദം.
വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കമുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും ആന്റോ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. അതേസമയം, ഏറ്റവും ഒടുവിൽ നികുതി അടച്ച രേഖകൾ പ്രകാരം വീട് ഇപ്പോഴും ആന്റോയുടെ പേരിലാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ജാമ്യം നിഷേധിച്ചതോടെ ആന്റോയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എക്‌സൈസിന്റെ നീക്കം.