‘പറ്റുമെങ്കിൽ പിടിക്കൂ’; ഒളിവിലിരുന്നും പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

 

കേസുകളിൽ ഒളിവിലിരിക്കെ വീണ്ടും പൊലീസിനെതിരെ ഭീഷണിയുമായി അർജുൻ ആയങ്കി. ഊന്നുകൽ സി.ഐക്കെതിരെയാണ് ഇത്തവന ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയുള്ള വെല്ലുവിളി. കേസിൽ മുൻകൂർ ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ എന്നും, കള്ളക്കേസിൽ കുടുക്കിയതിന് നൽകാനുള്ളത് സമയത്ത് തന്നെ തിരികെ നൽകുമെന്നും ആയങ്കി കുറിച്ചു. മുൻപ് കോതമംഗലം സി.ഐയെ ഭീഷണിപ്പെടുത്തിയ കേസിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

കീഴടങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും സുഹൃത്തുക്കളെ പൊലീസ് വേട്ടയാടുകയാണെന്നും ഇനി ജാമ്യം ലഭിച്ച ശേഷം മാത്രമേ പുറത്തു വരൂ എന്നും ആയങ്കി അവകാശപ്പെടുന്നു. പൊലീസുകാരനുമായി വാട്‌സ്ആപ്പിൽ നടത്തിയ ചാറ്റും ഭീഷണി സന്ദേശവും ആയങ്കി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടികൾ വേഗത്തിലാക്കുന്നതിനിടെയാണ് പുതിയ വെല്ലുവിളി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.