സി.ബി.എസ്.ഇ പരീക്ഷാഫല വിവാദം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തയച്ചു
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലത്തിലും പുനർമൂല്യനിർണ്ണയ നടപടികളിലും വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന് കത്തയച്ചു. 2025–26 അധ്യയന വർഷത്തെ പരീക്ഷാഫലവുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്ക ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ മേയ് 13-ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് മാത്രമാണ് ലഭിച്ചതെന്ന് കാണിച്ച് നിരവധി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ഇതിനെത്തുടർന്ന് വിദ്യാർത്ഥികൾ ആശ്രയിച്ച പുനർമൂല്യനിർണ്ണയ നടപടികളിലും ഗുരുതരമായ സാങ്കേതിക-ഭരണപരമായ പിഴവുകൾ ഉണ്ടായതായി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗിക വെബ്‌സൈറ്റിലുണ്ടായ തുടർച്ചയായ തകരാറുകൾ, രജിസ്ട്രേഷൻ പ്രക്രിയയിലെ പിഴവുകൾ, ഫീസ് അടയ്ക്കുന്നതിലെ ബുദ്ധിമുട്ടുകൾ, അപേക്ഷാ സ്ഥിരീകരണം വലിയ രീതിയിൽ വൈകുന്നത് എന്നിവയാണ് പ്രധാന പ്രശ്നങ്ങളായി ഉയർത്തിക്കാട്ടുന്നത്. ഇതിന് പുറമെ ഉത്തരക്കടലാസുകളുടെ പകർപ്പുകൾ വിദ്യാർത്ഥികൾക്ക് യഥാസമയം ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ വ്യക്തതയില്ലാത്ത പകർപ്പുകൾ ലഭിക്കുകയോ ചെയ്യുന്നതായും പരാതിയുണ്ട്.
ആവശ്യമായ തയ്യാറെടുപ്പുകളോ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മതിയായ മാർഗ്ഗനിർദ്ദേശങ്ങളോ nൽകാതെയാണ് സി.ബി.എസ്.ഇ ഇത്തവണ ഒ.എസ്.എം (On-Screen Marking) സംവിധാനം നടപ്പിലാക്കിയതെന്നും ഇത് മൂല്യനിർണ്ണയത്തെ ബാധിച്ചതായും ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ, സി.ബി.എസ്.ഇയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അടിയന്തരമായി പരിശോധിച്ച്, വിദ്യാർത്ഥികളുടെ പരാതികൾക്ക് സുതാര്യവും നീതിപൂർണ്ണവും സമയബന്ധിതവുമായ പരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.