ഗോവിന്ദച്ചാമി ജയിൽ ചാടുന്ന സി സി ടിവി ദൃശ്യങ്ങൾ പുറത്ത്
സൗമ്യ വധക്കേസ് പ്രതിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തു ചാടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സെല്ലിന്റെ അഴികൾ മുറിച്ച് മാറ്റുന്നത് ദൃശ്യങ്ങളിൽ കാണാം. പുറത്തിറങ്ങിയ ശേഷം അഴികൾ തൽസ്ഥാനത്ത് കെട്ടിവച്ചതിവ് ശേഷമാണ് പുറത്തേക്ക് കടക്കുന്നത്.
മാസങ്ങളായുള്ള ആസൂത്രണത്തിനൊടുവിലാണ് ഇയാൾ ജയിൽ ചാടിയത്. ജയിലിലെ പത്താം നമ്പർ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതിൽ തുണികൾ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു.
എന്നാൽ ഗോവിന്ദച്ചാമിക്ക് ഏതെങ്കിലും തരത്തലുള്ള സഹായം ലഭിച്ചത്തിന്റെ ഒരു സൂചനയും ദൃശ്യങ്ങളില്ല. പുലർച്ചെ 1.10ന് സെല്ലിൽ നിന്ന് ഇറങ്ങിയ ഗോവിന്ദച്ചാമി ജയിൽ ചാടുന്നത് 4 മണിക്ക് ശേഷമാണ്. മറ്റ് സഹായങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇയാൾ വേഗത്തിൽ രക്ഷപ്പെടുമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ജയിൽ ചാടുന്നത് സഹതടവുകാരായ നാല് പേർക്ക് അറിയാമായിരുന്നു. മൊഴിയെടുക്കുന്നതിനായി ജയിലിൽ ഗോവിന്ദച്ചാമിയുമായി ബന്ധമുള്ള സഹതടവുകാരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ജയിൽ ചാടുന്ന ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.