നിപ്പ ബാധിത മേഖലകളിൽ ഇന്ന് കേന്ദ്ര സംഘം സന്ദർശനം നടത്തും
Jul 10, 2025, 13:50 IST
നിപ്പവൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറത്ത് എത്തിയ കേന്ദ്രസംഘം ഇന്ന് നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച നാഷണൽ ജോയിന്റ് ഔട്ട്ബ്രേക്ക് റെസ്‌പോൺസ് ടീമാണ് സംസ്ഥാനത്തെ നിലകൾ വിലയിരുത്തുന്നത്.
സംഘം ഇന്ന് മലപ്പുറത്തെ വിവിധ നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നേരത്തെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന 38 വയസ്സുള്ള രോഗിയുടെ ആരോഗ്യനില കേന്ദ്ര സംഘം നേരിട്ട് വിലയിരുത്തിയിരുന്നു.ഇവർ മലപ്പുറം ഡിഎംഒയുമായി കൂടിക്കാഴ്ച നടത്തി. വവ്വാലുകളുടെ നിരീക്ഷണത്തിനും സർവ്വേക്കുമായി ഡോക്ടർ ദിലീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള എട്ടു പേരടങ്ങുന്ന സംഘവും ഇന്നെത്തും. 498 പേരാണ് സംസ്ഥാനത്ത് നിപ സമ്പർക്ക പട്ടികയിൽ ഉള്ളത്. 29 പേർ ഹൈസ്റ്റ് റിസ്‌കിലും 116 പേർ ഹൈറിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.