കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം; കേരളത്തിന്റെ റെയിൽവേ വികസന പ്രതീക്ഷകൾക്ക് തിരിച്ചടി
കേരളത്തിന്റെ റെയിൽവേ വികസന പ്രതീക്ഷകൾക്ക് തിരിച്ചടിയായി പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രസർക്കാർ. പദ്ധതിക്കായി ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റ് വികസന ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
രാജ്യസഭയിൽ എംപി ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2008ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ ഉപേക്ഷിച്ചത്.
നിലവിൽ രാജ്യത്തെ റെയിൽവേ കോച്ച് നിർമാണ യൂണിറ്റുകൾ ആവശ്യത്തിന് ശേഷിയുള്ളതിനാൽ പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട്. പദ്ധതിക്കായി 39.80 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്ത 228 ഏക്കർ ഭൂമി മറ്റ് വികസന പദ്ധതികൾക്കായി വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, മെട്രോമാൻ ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തള്ളിയതായും കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കി. നിലവിലെ രൂപത്തിൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ.