ചാലയിലെ ജ്വല്ലറി കവർച്ച: 206 പവൻ സ്വർണവും കണ്ടെടുത്തു; ഗൂഢാലോചനയിൽ അന്വേഷണം ശക്തമാക്കി പൊലീസ്
തിരുവനന്തപുരം ചാലയിലെ ജ്വല്ലറി ഉടമ നന്ദകുമാറിൽനിന്ന് കവർന്ന മുഴുവൻ സ്വർണവും കണ്ടെടുത്തതായി പൊലീസ്. 206 പവൻ സ്വർണമാണ് വിവിധയിടങ്ങളിൽനിന്നായി കണ്ടെത്തിയത്. വയനാട്ടിൽ പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ കാറിൽനിന്ന് 56 പവൻ സ്വർണം നേരത്തെ കണ്ടെത്തിയിരുന്നു.
തുടർന്ന് വെള്ളായണി ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ 146 പവനും കേസിലെ മുഖ്യപ്രതി വിനോദ് ആന്റണി ഒളിപ്പിച്ച നാലു പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു. മുടവൻമുകളിലെ വീടിന്റെ പിൻഭാഗത്തുള്ള ആറ്റിൻകരയിൽനിന്നാണ് നാലു പവൻ സ്വർണം കണ്ടെത്തിയത്.
മോഷണത്തിനുശേഷം ഒളിവിൽ പോകുന്നതിനു മുൻപാണ് പ്രതികൾ രണ്ടിടങ്ങളിലായി സ്വർണം ഒളിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സ്വർണം മുഴുവൻ കണ്ടെടുത്തതോടെ മോഷണത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാളവിക ജ്വല്ലറി ഉടമ ജയറാമിന്റെ പങ്ക് സ്ഥിരീകരിക്കാനാണ് പൊലീസിന്റെ നീക്കം. മോഷണത്തിന്റെ പ്രധാന ആസൂത്രകൻ ജയറാമാണെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ മോഷണത്തിൽ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് ജയറാം. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം ജയറാമിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.