സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്‌ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരും. ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും മഴയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.