സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയെ തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ടിനും വാഹനങ്ങളിലെ കാഴ്ച മങ്ങുന്നതിനും സാധ്യതയുണ്ട്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും പ്രാദേശിക വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നത് വൈദ്യുതി തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകാം. വീടുകൾക്കും കുടിലുകൾക്കും ഭാഗികമായ കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

മഴയും കാറ്റും മനുഷ്യർക്കും കന്നുകാലികൾക്കും പ്രതികൂലമായി ബാധിക്കാം. തീരപ്രദേശങ്ങളിലെ സുരക്ഷിതമല്ലാത്തതും ഉറപ്പില്ലാത്തതുമായ നിർമിതികൾക്കും നാശനഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്.

അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനാണ് നിർദേശം. മഴ ശക്തമായ സാഹചര്യത്തിൽ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണമെന്നും അധികൃതർ നിർദേശിച്ചു.