സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ മുന്നറിയിപ്പ്

 

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.കണ്ണൂരിൽ ജില്ലയിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ജലനിരപ്പുയരുന്നതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ കരമന നദിയിൽ (വെള്ളൈകടവ് സ്റ്റേഷൻ) കേന്ദ്ര ജല കമ്മിഷൻ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു

കള്ളക്കടൽ ജാഗ്രതാ നിർദ്ദേശവും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ പുലർച്ചെ 05.30 വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇൻകോയിസ്) അറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്