മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഏഴ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലർട്ട്

 

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ രണ്ട് ജില്ലകളിൽ മാത്രമുണ്ടായിരുന്ന മുന്നറിയിപ്പ് പുതുക്കിയതോടെ ഇന്ന് ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് പ്രവചിച്ചിരിക്കുന്നത്.

കേരളത്തിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കണക്കുകൂട്ടൽ. മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.