‘എക്സൈസ് കമ്മീഷണറുടെ മാറ്റം സ്വാഭാവികം, അതൃപ്തിയുണ്ടെന്ന വാർത്തകൾ തെറ്റ്’; മന്ത്രി എം. ലിജു
സീറാം സാംബശിവ റാവുവിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ അസ്വഭാവികതയില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു. കേവലം ഭരണപരമായ തീരുമാനങ്ങൾ മാത്രമാണിതെന്നും തനിക്ക് കമ്മീഷണറോട് അതൃപ്തിയുണ്ടെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടയിലാണ് സാംബശിവ റാവുവിനെ കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയത്.
പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായാണ് അദ്ദേഹത്തിന് പുതിയ നിയമനം നൽകിയിരിക്കുന്നത്. അഡീഷണൽ എക്സൈസ് കമ്മീഷണർക്കാണ് നിലവിൽ എക്സൈസ് കമ്മീഷണറുടെ താൽക്കാലിക ചുമതല.ബേക്കറികളിൽ ഹോർട്ടി വൈൻ വിൽപനയ്ക്ക് അനുമതി നൽകിയത് മുതൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുതിയ എഫ്.എൽ 7 ബാർ ലൈസൻസ് അനുവദിച്ചത് വരെയുള്ള വിഷയങ്ങളിൽ എക്സൈസ് വകുപ്പിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.
സർക്കാർ അറിയാതെ കമ്മീഷണർ ലൈസൻസ് അനുവദിച്ചതാണ് പുതിയ തർക്കങ്ങൾക്ക് വഴിവെച്ചത്. എന്നാൽ ഇതെല്ലാം മുൻനിർത്തി കമ്മീഷണറോട് മന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന വാദങ്ങളാണ് മന്ത്രി എം. ലിജു തള്ളിക്കളഞ്ഞത്.