സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം:ഇന്ന് കൂടി വ്യാപക മഴ

 

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കൂടി വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

അതിനിടെ മൂന്ന് ജില്ലകളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ വരെയുമാണ് ജാഗ്രതാ നിർദ്ദേശം.

നാളെ പുലർച്ചെ വരെയാണ് മുന്നറിയിപ്പ്. കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായി ഒഴിവാക്കാൻ നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.