ചാർട്ടേഡ് വിമാന യാത്രാ വിവാദം; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

 

മുഖ്യമന്ത്രിയുടെ സൗജന്യ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് നടപടി. കേസിൽ സർക്കാരിനെ കൂടി കക്ഷി ചേർക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാറിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 2027 ജനുവരി 12-ന് ഹർജി വീണ്ടും പരിഗണിക്കും.

മലപ്പുറത്തേക്ക് പോകുന്നതിനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ചാർട്ടേഡ് വിമാന സൗകര്യം ഉപയോഗിച്ചത്. വിമാനം സ്പോൺസർ ചെയ്തതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നെങ്കിലും സ്പോൺസർ ആരാണെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഇത് പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. തുടർന്ന് വിമാനത്തിന്റെ തുക അടച്ചത് ചിപ്സൺ ഏവിയേഷൻസ് ആണെന്ന വിവരവും ഇൻവോയ്സും പുറത്തുവന്നിരുന്നു. ചിപ്സൺ ഏവിയേഷന് മറ്റാരെങ്കിലും പണം നൽകിയോ എന്ന ചോദ്യങ്ങൾ ഉയർന്നെങ്കിലും ഇതിലൊന്നും മുഖ്യമന്ത്രി വ്യക്തത വരുത്തിയിരുന്നില്ല.

ഇതിനിടെയാണ് സ്പോൺസർഷിപ്പ് അഴിമതിയായി കണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.എം. ഷാജഹാൻ ലോകായുക്തയെ സമീപിച്ചത്. സർക്കാരിന്റെ ആവശ്യത്തിനായിട്ടാണ് മുഖ്യമന്ത്രി സഞ്ചരിച്ചതെന്നും വിമാനം സ്പോൺസർ ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്നും ഹർജി തള്ളണമെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വ. ടി. ആസഫലി ആവശ്യപ്പെട്ടെങ്കിലും ലോകായുക്ത ഇത് തള്ളി ഹർജി സ്വീകരിക്കുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ സ്പോൺസർ ആരാണെന്ന കാര്യം മുഖ്യമന്ത്രിക്ക് വെളിപ്പെടുത്തേണ്ടി വരും. ചാർട്ടേഡ് വിമാന യാത്രാ വിവാദം കോൺഗ്രസിനുള്ളിലും മുന്നണിയിലും വലിയ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാക്കിയിരുന്നു.