മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷയ്ക്കിടെ കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസ്
Jul 3, 2026, 14:38 IST
കണ്ണൂർ മട്ടന്നൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചതിനെ തുടർന്ന് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച നടന്ന കെ.ജി.സി.ഇ (KGCE) പരീക്ഷയ്ക്കിടെയാണ് സംഭവം.പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകൻ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥി മൊബൈൽ ഫോണിൽ നോക്കി ഉത്തരങ്ങൾ എഴുതുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഫോൺ പിടിച്ചെടുത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ടെക്‌നിക്കൽ എക്‌സാമിനേഷൻ ജോയിന്റ് കൺട്രോളർ കമ്മീഷണർക്ക് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് മട്ടന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരീക്ഷാ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ പരിശോധനകൾ നിലനിൽക്കുന്നതിനിടെയാണ് വിദ്യാർത്ഥി മൊബൈൽ ഫോൺ അകത്ത് കടത്തിയതും കോപ്പിയടി ശ്രമം നടത്തിയതും.സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.