ബിസ്ലേരി കുടിവെള്ളത്തിൽ രാസവസ്തുക്കൾ കണ്ടെത്തിയ സംഭവം; പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി എഫ്എസ്എസ്എഐ

 

ബിസ്ലേരി ഉൾപ്പെടെ അഞ്ച് ഭക്ഷ്യ ഉൽപ്പന്ന കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ബിസ്ലേരിയുടെ പാക്കേജ് കുടിവെള്ള സാമ്പിളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ ബ്രോമേറ്റ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കമ്പനിയുടെ അപ്പീലിന് പിന്നാലെ നടത്തിയ റഫറൽ ലബോറട്ടറി പരിശോധനയിലും പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (പിഎഎച്ച്) സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു.

എന്നാൽ തുടർന്നുള്ള പരിശോധനകളിൽ ബിസ്ലേരിയുടെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായി കണ്ടെത്തിയെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോർട്ട്. പരിശോധനയിൽ കണ്ടെത്തിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ബാച്ചുകൾ തിരിച്ചുവിളിച്ചതായും റിപ്പോർട്ടുകളുണ്ട്. വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്‌സ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷനറി എന്നിവയാണ് മറ്റ് കമ്പനികൾ. രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് ഭക്ഷ്യസുരക്ഷാ ലംഘനത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. ആശ കൺഫെക്ഷനറിയുടെ ചോക്ലേറ്റ് കുക്കീസ് തിരിച്ചുവിളിക്കാനും നിർദേശിച്ചു.