ചേരാനല്ലൂർ അപകടക്കേസിൽ പോലീസിന് വീഴ്ച; കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി
ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളെ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റി. ദക്ഷിണ മേഖല ഐ.ജി ആർ. നിശാന്തിനിയെ പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിക്കാൻ തത്വത്തിൽ തീരുമാനമായി. പി. പ്രകാശിനെ പുതിയ ദക്ഷിണ മേഖല ഐ.ജി ആയും നിയമിച്ചേക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് പോലീസ് ഉന്നതതലത്തിലെ അടിയന്തര നടപടി.
കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ചേരാനല്ലൂർ സ്റ്റേഷനിലെ എസ്.എച്ച്.ഒ അടക്കം നാല് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നേരത്തെ സസ്പെൻഷൻ നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കെതിരെയും ആഭ്യന്തര വകുപ്പ് നടപടി കടുപ്പിച്ചത്.
എ.ഡി.ജി.പി പി. വിജയന്റെ അന്വേഷണ റിപ്പോർട്ടിൽ ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമാക്കിയതാണ് അഴിച്ചുപണിക്ക് കാരണമായത്. അതിനിടെ, പ്രതിയായ 17-കാരന് സ്ഥിരമായി വാഹനം നൽകിയിരുന്നതായി ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ മൊഴി നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത മകന് കാർ നൽകിയതിന് പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെയും കേസ് നിലനിൽക്കുന്നുണ്ട്.