ചേരാനല്ലൂർ ബെൻസ് കാർ അപകടം: ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കൊല്ലപ്പെട്ടയാളുടെ കുടുംബം;വാദം ഇന്ന് ഹൈക്കോടതിയിൽ

 

ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ പ്രതിയായ അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ചു. പ്രതിയുടെ ഔദ്യോഗിക പദവിയും സ്വാധീനവും അന്വേഷണത്തെ അട്ടിമറിക്കാൻ ഇടയാക്കുമെന്നാണ് കുടുംബത്തിന്റെ ആശങ്ക.

അപകടത്തിന് പിന്നാലെ ജഡ്ജിയും ഭാര്യയും മൂന്ന് മണിക്കൂറോളം സംഭവസ്ഥലത്ത് ചെലവഴിച്ചെന്നും ഈ സമയം തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം റദ്ദാക്കണമെന്നും കേസ് സ്വതന്ത്രമായി അന്വേഷിക്കാൻ അന്വേഷണസംഘത്തിന് അവസരം നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു.അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും.