ചേരാനല്ലൂർ വാഹനാപകടം: പൊലീസിന്റെ വീഴ്ച പരിശോധിക്കും; എഡിജിപി പി. വിജയൻ

 

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എഡിജിപി പി. വിജയൻ. നിയമനടപടികളുടെ കാര്യത്തിൽ ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമുണ്ടാകില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവർക്കുമെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട എല്ലാവരെയും കാണുമെന്നും എഡിജിപി പറഞ്ഞു. എന്തൊക്കെ വീഴ്ചകളാണ് സംഭവിച്ചത്, ആരൊക്കെയാണ് ഉത്തരവാദികൾ എന്നിവ പരിശോധിക്കാനാണ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ പ്രാഥമിക ഘട്ടത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണ ചുമതല എഡിജിപി പി. വിജയന് കൈമാറിയത്. നിലവിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പതിനേഴുകാരന്റെയും അമ്മയുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

ജഡ്ജിയെ ചോദ്യം ചെയ്യുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ തുടർനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളും പരിഗണനയിലുണ്ട്.